Thursday, September 3, 2020

നീ
























ഇമയൊന്നനങ്ങിയാൽ കൊത്തുമെന്നുറപ്പാണ്

ഇടംവലം തിരിയാതെ ശ്വാസം പിടിച്ചുനിൽക്കണം
അലസതയും ജാഗ്രതയും സമം ചേർന്ന നീളം
ഇലയനക്കം ഉടലിലറിയുന്ന ജ്ഞാനി
സത്യത്തിനും സാത്താനും ചേരുന്ന കാവൽ
പ്രലോഭനങ്ങളുടെ അയൽവാസി
ചതിയുടെ കൂടപ്പിറപ്പ്
കേൾക്കില്ല എന്ന് മുദ്രവെച്ച ധാർഷ്ട്യം
ഉരിഞ്ഞിട്ട കാലം പാടേ മറക്കുന്നവൻ
കാണാൻ ചന്തമാണ്,
വളഞ്ഞുപുളഞ്ഞേ പോകൂ, 

മയക്കിയേ തീർക്കൂ
പാലുകൊടുത്ത കൈയ്ക്കും കൊത്തുന്ന ശീലമുണ്ട്
നീലിച്ച ദേഹം സംബന്ധത്തിൻ്റെ തെളിവ്
നോക്കി നിൽക്കേ നീ മറ്റൊരുവൻ്റെ തൊടിയിൽ!
സസ്സുഖം ഉറങ്ങിക്കിടന്ന മെത്തയിലെങ്ങോ
നീ കൂടെയുണ്ടായിരുന്നു എന്ന ഓർമ അത്ര സുഖകരമല്ല

ചിലർ

മൃദുവിതളിൽ മുള്ളുകൊണ്ട് വരയും പോലെ
പ്രാണനിൽ കോറിവരച്ച് കടന്നുപോവുന്ന ചിലരുണ്ട്
ഭൂതബോധങ്ങളില്ലാത്ത ചില ശലഭ ജന്മങ്ങൾ
വേറെയും ചിലരുണ്ട്
കിളിയൊഴിഞ്ഞ കൂടുപോലെ
പാമ്പൊഴിഞ്ഞ പാടപോലെ
ശിഷ്ടകാലം,
ഓർമയുടെ കനലിൽ
തിരുശേഷിപ്പുകൾ ചുട്ടുതല്ലി
നോവുന്ന പുണ്ണിൽ വീണ്ടും ചൊറിഞ്ഞ്
വഴിയിൽ വാലാട്ടിനിൽക്കുന്ന പട്ടിയെ
കൂട്ടത്തിലേറ്റവും മുനയുള്ള വാക്കുകൊണ്ടെറിഞ്ഞ്
ഉറക്കമില്ലാത്ത രാത്രികളെ കൂട്ടിത്തുന്നുന്ന,
പാതിവെന്ത സ്വപ്നത്തിൽ കണ്ടെന്നു തോന്നി
പിടഞ്ഞെണീറ്റ്, ആസകലം ഉരുകിയൊലിക്കുന്ന
ചില മെഴുതിരി ജന്മങ്ങൾ.
ചില യോഗങ്ങൾ അപരിഹാര്യം

Tuesday, September 1, 2020

ഉച്ചാടനം

അടിമുടിയുലഞ്ഞാലും
ഒരുപിടിയിലകൾ മാത്രം പൊഴിക്കുന്ന
മഴമരം പോലെയാണിന്നു ഞാൻ
മരണത്തോളം ആറിത്തണുത്ത ഒരു പ്രണയം
ഏതെങ്കിലും കരയ്ക്കടിഞ്ഞ്
ചീഞ്ഞു നാറിയേയ്ക്കാം
നീ വിവസ്ത്രമാക്കിയ കനവുകൾ ഇപ്പോഴും നാണം കെട്ട്
ഏതോ തെരുവിലലയുന്നുണ്ട്
നിനക്കുമാത്രം തുറക്കാനറിയുന്ന ഒരു വാതിൽ
ഇവിടെ വിജാഗിരികളകന്ന്, അടർന്ന്, ഇങ്ങനെയങ്ങനെ....

Monday, August 24, 2020

എഴുത്തോ നിൻ്റെ കഴുത്തോ?

 ചിലരെ കാണിക്കാതെ

ചിലരോട് മാത്രമായി

ചിലതൊക്കെ പറയാവുന്ന
ഇടമാണിവിടം എന്നുവന്നതോടെ
എനിക്ക് നിന്നിലും എന്നിലും ഉള്ള വിശ്വാസം
പാടെ തകർന്നിരിക്കുന്നു

ഒന്നിനുമുകളിൽ ഒന്നായിക്കിടക്കുന്ന
ഇലകൾക്കിടയിലെല്ലാം
ഒരു പൂക്കാലത്തിൻ്റെ സ്മരണ
നീ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന്
ഞാൻ വിടർത്തിനോക്കുന്നു

നിന്നിലേയ്ക്ക് ഞാൺ വലിച്ച്
ഞാനെയ്ത വാക്കുകൾ
എവിടേക്കെല്ലാമാണ് ചിതറിത്തെറിച്ചത്

ഓ, വീണ്ടും കവിത!
നീയിന്നു കഴിച്ച ബ്രാൻ്റേതാണ്?
പതിവുപോലെ, 
എൻ്റെ സന്ദേഹത്തിലേയ്ക്ക്
നീ കോട്ടുവായിടുന്നു


രണ്ടുപേർ
ഒരേ കനവുകാണുന്ന നിദ്രയിലേയ്ക്ക്
നിൻ്റെ കഴുത്തിലേയ്ക്ക് നീളുന്ന എൻ്റെ കയ്യിലേയ്ക്ക്
എഴുത്ത് ഒടിഞ്ഞു മടങ്ങുന്നു

Thursday, May 14, 2020

കോമാളി

കാണികൾ ഒഴിഞ്ഞപ്പോൾ 
തിരശ്ശീലകളെല്ലാം വലിച്ചു കീറി,
" നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
ഒരു കോമാളി നൃത്തം ചവിട്ടുന്നു
കയ്യടിക്കാൻ ആരുമില്ലാത്ത നിശ്ശബ്ദതയിലേയ്ക്ക് നോക്കി
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
ഇരു കവിളത്തും ആഞ്ഞടിക്കുന്നു
നേരെ നോക്കുമ്പോൾ തലകീഴ് കാണുന്ന കാഴ്ചകളെ നിലയ്ക്ക് നിർത്താൻ,
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
തല കുത്തി നിൽക്കുന്നു
മൈതാനത്തിനപ്പുറം പിടഞ്ഞു കരയുന്ന നഗരത്തെ തലോടിയുറക്കാൻ,
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
താരാട്ടു പാടുന്നു
സ്നേഹിച്ചു പോയവരെ പൊട്ടിച്ചിരിപ്പിക്കാൻ
ഒടുവിൽ, ഒരു കയറിൻ തുമ്പത്ത്
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
ഇളകിയാടുന്നു

Tuesday, April 7, 2020

അകത്ത് ഞാൻ ഒറ്റയ്ക്കാണ്

മുറിയിലിപ്പോൾ ഇരുട്ടാണ്
വാതിൽ തുറന്നാൽ
 ഉള്ളിലേക്ക് അരിച്ചു കയറും
മടുപ്പിൻ്റെ മണം

ഇവിടെ ഞാൻ
ചീർത്ത് വീർത്ത്
മുറിയാകെ നിറഞ്ഞിരിക്കുന്നു

"ഒറ്റപ്പെടലിൻ്റെ ദിനരാത്രങ്ങളിൽ താൻ ഒട്ടും പോരാ" എന്ന്
കുറേക്കാലമായി മേൽക്കൂരയിൽ കനപ്പിച്ചു മൂളിയിരുന്ന
തള്ളപ്രാവും ഇന്നലെ പറന്നു പോയി

ഹൃദയസമ്മർദ്ദമാപിനിയിലെ
അക്കങ്ങളുടെ അതിരുകൾ
ഇന്നലെ പൊട്ടിത്തീർന്നു

പുറത്തേയ്ക്കൊന്നിറങ്ങിക്കൂടേ?
ആ ജനലൊന്നു തുറന്നിട്ടുകൂടേ?
കൂട്ടുകാരൻ ചോദിക്കുന്നു

ഇല്ല
വെളിച്ചം ഒട്ടും അകത്തു കടക്കാത്ത
ഒരു സന്ധ്യനേരത്ത് വേണം എനിക്ക് പോകുവാൻ