Sunday, September 28, 2014

പുഴയൊഴുകും വഴി

അങ്ങനെ
ഒരു പുഴ ഒഴുകിത്തീരുകയാണ്...

കൂര്‍ത്ത കല്ലുകളെ തഴുകിയൊഴുകി
ഉടല്‍ മുറിഞ്ഞ ഒരു പുഴ

ചെളിക്കും ചരലിനും വെള്ളാരംകല്ലിനും
കണ്ണാടിയായ പുഴ

നിന്റെ ദാഹം തീര്‍ക്കാന്‍
ഇത്രയും നാള്‍ കണ്ണീരൊഴിക്കിയ പുഴ

നിന്റെ ഉണര്‍ച്ചകള്‍ക്കൊക്കെയും
കാവല്‍ നിന്ന പുഴ

യാത്ര പറയേണ്ടി വരുന്നത്
എനിക്കും നിനക്കുമിടയില്‍ എന്തെങ്കിലും
അവശേഷിക്കുമ്പോള്‍ മാത്രമാണ്.

Saturday, July 19, 2014

കാരുണ്യം

കാരുണ്യം കൊണ്ടെന്നെ വെറുതെ വിട്ടപ്പോള്‍
ഇനിയെന്തുചെയ്യണമെന്ന് നീ പറയാതെ പോയി
വിശാലമായ ഭൂമി
നീയെനിക്കു നല്കിയ ശിക്ഷ
ഒറ്റയ്ക്കു തിന്നേണ്ട വലിയൊരപ്പം

ഉറങ്ങിക്കിടന്നപ്പോള്‍
നീ ഊരിയെടുത്ത വാരിയെല്ല്
നെറ്റിയിലെ വിയര്‍പ്പില്‍ ഉമ്മവെച്ച്
മറ്റാരെയോ തേടിപ്പോയി

അറിവിന്റെ കനി തന്ന പാമ്പ്
മറവിയുടെ കനിയും കാട്ടിത്തരേണ്ടതായിരുന്നു

നീയെനിക്കു നല്കിയതൊക്കെയും എച്ചിലുകളായിരുന്നു
നീയെന്നുമേതിനും ഉടമ
നീ സത്യം, ഉണ്മ, സ്വാതന്ത്ര്യം

ഞാനോ
അധമന്‍, പാപി, രോഗി
എന്റെ രാത്രി അനന്തം, അസ്വസ്ഥം
എനിക്കു ശമ്പളം മരണം

കാരുണ്യവാനേ,
നീയെന്നോട് ചെയ്ത നെറികേടുകള്‍ എണ്ണമറ്റത്

കരുതി നടന്നോ
മുന്നില്‍ വന്നുപെട്ടാല്‍
കല്ലെറിഞ്ഞു ഞാന്‍ കൊല്ലും






Friday, April 4, 2014

വചനം രൂപമാവുന്നു

യൂദാ..
നിനക്കെന്നെ ചതിക്കാന്‍ കഴിഞ്ഞുവെങ്കില്‍ 
നിശ്ചയമായും ഞാന്‍
ചതിക്കപ്പെടേണ്ടവന്‍ തന്നെ.

ഭൂമിയിലൊരാളും ഇനിമേല്‍ വിശ്വസ്തനായി ജീവിക്കുകയില്ല.

നിന്റെ അന്ത്യചുംബനത്തോടെ
മുള്‍ക്കിരീടത്തിന്റെ ഭാരം
എന്നില്‍ നിന്നും എന്നെന്നേയ്ക്കുമായി ഒഴിഞ്ഞു.

വചനം അനന്തകാലത്തോളം നിവൃത്തിയായി

ഒരു വെള്ളരിപ്രാവിന്റെ ചിറകടി
വിഹായസ്സില്‍ കേള്‍ക്കുമാറായി

കുരിശിന്റെ നീളമളന്ന രക്തച്ചാലുകള്‍
വഞ്ചനാദിനത്തിന്റെ തിരുശേഷിപ്പുകളായി

നിനക്കുവേണ്ടി ഞാന്‍ കരുതിവെച്ച വീഞ്ഞ് പുളിച്ചുപോയി

അനന്തരം, ഒരു മുറവിളി മാത്രം ബാക്കിയായി

എന്റെ ദൈവമേ, എന്റെ ദൈവമേ
എന്നെ ഇപ്രകാരം കൈവിട്ടതെന്ത്‍?