Saturday, December 3, 2016

പൂവിതള്‍ കൊണ്ട് മുറിവേല്‍ക്കുന്നവര്‍

ചിലര്‍ അങ്ങനെയാണ്
ഒരു ഭ്രമണം പൂര്‍ത്തിയാക്കി
ദേശാടനക്കിളികളെപ്പോലെ
വീഴാറായ ചില്ലതേടി വരുന്നവര്‍

ചിലര്‍ നിലച്ചുപോയ ഘടികാരം പോലെയാണ്
യാദൃച്ഛികമായി പകലിരവുകളില്‍
നൊടിയിട കൃത്യതയില്‍ മുട്ടിത്തിരിയുന്നവര്‍

ചിലര്‍ പാറപ്പുറത്ത് വിതച്ചവര്‍
അവര്‍ - മുളയ്ക്കാത്ത വിത്തുകളുടെ അധിപതികള്‍

ഇടയ്ക്ക്, കാറ്റില്‍ തൂവിപ്പോയവരും
കനലില്‍ ഉരുകിപ്പോയവരും
കണ്ണീരില്‍ അലിഞ്ഞുപോയവരും
കിനാവില്‍ ഉയിര്‍കൊണ്ടവരും ഉണ്ട്

ഏറ്റവും ഒടുവില്‍
പൂവിതള്‍ കൊണ്ട് മുറിവേറ്റ ചിലരും