Saturday, October 20, 2012

ശ്രാദ്ധം


ശ്രാദ്ധതീരങ്ങളിലെ
നിന്‍റെ സന്ദര്‍ശനം
മുറിവുകളില്‍ ഉപ്പുനീരായി
മുഴുവന്‍ ചാരമായിട്ടില്ല എന്ന
ഓര്‍മപ്പെടുത്തലായി
അകമേ അടങ്ങാത്ത
നീറ്റലായി
ഒടുങ്ങാത്ത നെഞ്ചിടിപ്പായി
എന്നില്‍ നിറയുമ്പോള്‍
തൊട്ടടുത്ത പിണ്ഡത്തില്‍
എള്ളും പൂവുമിട്ട്, നീരിറ്റിച്ച്
നീ മടങ്ങുകയായി

അവസാന രംഗം
ഇത്രയ്ക്ക് ലക്ഷണം കെട്ടതാവണമെന്ന്
ഏതു ദൈവം നിശ്ചയിച്ചതാവാം?

Friday, October 5, 2012

പാതി കരിഞ്ഞ ഒരു മുഖം

പാതി കരിഞ്ഞ ഒരു മുഖം
കുത്തിക്കീറിയ കവിള്‍
സിറിഞ്ചു തറഞ്ഞിരിക്കുന്ന കണ്ണ്
നാവില്‍ വരഞ്ഞിറങ്ങിയ ബ്ലേഡ്
പാതി വിണ്ട്, ചോരയിറ്റുന്ന ചുണ്ടുകള്‍
അടര്‍ന്നു വീഴാറായ വിരലുകള്‍
പറിച്ചെടുത്ത ഹൃദയം
നെഞ്ചില്‍ നിന്ന് ചോരയൊഴുകുന്ന ദ്വാരം
നിന്‍റെ ചിത്രശേഖരത്തില്‍
ഞാന്‍ കണ്ട കാലുകള്‍
അന്യോന്യം ചെളിതുടച്ച്
വികൃതമായവ
നിന്‍റെ ഗായകന്‍
ജടപിടിച്ചമറുന്നു
നിന്‍റെ നായകന്‍
നെറുകയിലണിഞ്ഞ
നക്ഷത്രത്തില്‍ ചോരയും
കറുപ്പും മണക്കുന്നു
കായല്‍ പോലെ വിശാലമായിരുന്ന നിന്‍റെ
കണ്ണുകളില്‍ കരിനീലത്തിര കനക്കുന്നു
കണ്ടു കണ്ടങ്ങിരിക്കേ, അവ
അഗാധ ഗര്‍ത്തങ്ങളാവുന്നു

ഇടറിയ വഴിയില്‍ നിന്ന്
ഇത്തിരിപ്പോന്ന നമ്മള്‍
ഒത്തിരിപ്പോന്നെന്ന്
അകത്താരോ പിറുപിറുക്കുന്നു

ഭൂപടം


ഭൂപടത്തേക്കാള്‍ അശ്ലീലമായ
പടമേതാണുള്ളത്?
വരകള്‍ക്കപ്പുറത്ത്
ശത്രുക്കളെ കരുതിവെയ്ക്കുന്ന
ഭാഷകളെ കലക്കിക്കളയുന്ന
കളികളെപ്പോലും യുദ്ധങ്ങളാക്കുന്ന
അതിരുകളും അരുതുകളും നിശ്ചയിക്കുന്ന
അന്യോന്യം ഉള്‍പ്പിരിവുകളുള്ള
മറച്ചുവെയ്ക്കലുകള്‍ക്ക് മാത്രം തികയുന്ന
തൊട്ടാല്‍ പൊള്ളുന്ന
ഈ ഭൂപടങ്ങളേക്കാള്‍
അശ്ലീലമായി എന്താണുള്ളത്
മുഖപടമല്ലാതെ ?!

ആദിപാപം

അകാലത്തില്‍ പെയ്ത മഴകൊണ്ട്
പനി പിടിച്ചാണയാള്‍ മരിച്ചത്
മരണത്തിനു തൊട്ടുമുമ്പുവരെ
ശല്യക്കാരനായി തീര്‍ന്ന മഴയെ
അയാള്‍ പഴിച്ചുകൊണ്ടിരുന്നു
ദിവസങ്ങളോളം തന്നെ കട്ടിലിലാക്കിയതിന്
സകല കണക്കുകളും പിഴപ്പിച്ചതിന്
നാവിലെ രുചി കുറച്ചതിന്
നിരന്തരം ചുമയ്ക്കേണ്ടി വന്നതിന്

അന്തകനാകാനുള്ള കരുത്ത്
ആ പനിയ്ക്കുണ്ടെന്നയാള്‍ കരുതിയതേയില്ല
അറിവില്ലായ്മയുടെ കാരുണ്യം
അയാള്‍ ആവോളം അര്‍ഹിക്കുന്നുണ്ടായിരുന്നു
എന്നിട്ടും, ചുമലില്‍ തണുത്ത കൈവെച്ച്
മരണം അയാളെ ഓര്‍മകളിലേയ്ക്കടര്‍ത്തി മാറ്റി
വിശുദ്ധനായിരുന്നു, ഒരു പാപവും ചെയ്തില്ല
ഒരു മഴ കൊണ്ടതൊഴിച്ച്

പിതാവേ, പൊടിയിലേയ്ക്കാട്ടിയോടിക്കാന്‍
ആ പഴക്കണക്കു തന്നെ
നീ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്ത്?

പൂച്ച

പതുങ്ങിക്കൊണ്ടൊരു പൂച്ച
പുലിയെ ഓര്‍മിപ്പിക്കുന്നു
നിവൃത്തികേടുകൊണ്ടാവാം
മുഖത്തൊരു കടുവയെ ഒളിപ്പിക്കുന്നു
സര്‍ഗ്ഗാത്മകമാകുമ്പോഴെല്ലാം
അമര്‍ത്തിവെച്ച നഖങ്ങള്‍
പുറത്തുചാടുന്നു
ഇരുള്‍ വഴികളില്‍
ഇരുകണ്‍രൂപിയായി
വന്യമായ മുരള്‍ച്ച കൂര്‍പ്പിച്ച്
കാത്തിരിക്കുന്നു

പുഴു

പുഴുക്കളെപ്പോലെ ആസകലം
അരിച്ചിറങ്ങും ചില ബന്ധങ്ങള്‍
എത്രതട്ടിയാലും പോവാതെ
എത്ര ചൊറിഞ്ഞാലും തീരാതെ
ചില അഗമ്യഗമനങ്ങള്‍
സൌഹൃദത്തിന്‍റെ ശലഭവീഥികളിലെ
പാതി കലങ്ങിയ സമാധികള്‍
പറക്കലല്ല ഇഴയലാണ് പഥ്യം
കടിച്ചു തൂങ്ങലാണ് ശീലം
അശുജന്മമെന്ന വിനയം
അലസഗമനമെങ്കിലും
തന്‍റേടങ്ങളില്‍ വേഗമെത്തുന്ന വേഗത
പലവഴിയുഴയ്ക്കുന്ന ശീലജ്ഞാനം
കണ്ണൊഴിച്ചെന്തും കാണാം
കതിരുകളകമേ മുറിക്കും
ഗൃഹാതുരതയേറും
ചീഞ്ഞൊടുങ്ങും വരെ വിട്ടുപോവില്ല
അഭിമാനിയാണ്
ചെറുതായൊന്നു തൊട്ടാല്‍ പോലും
പൊള്ളിപ്പിടയും
അധ്വാനിയാണ്
ഇരുണ്ടുവെളുക്കും മുമ്പേ
നിങ്ങളിലെ പച്ചപ്പുകള്‍ പാടെ തിന്നു തീര്‍ക്കും