കഥ
അങ്ങനെയിരിക്കുമ്പോള്‍
എനിക്കു തോന്നി, അനിവാര്യമായതെന്തോ
സംഭവിക്കാന്‍ പോകുന്നു..
അല്പനേരം കണ്ണടച്ചിരുന്നു.
കണ്ണുതുറന്നു
നോക്കുമ്പോള്‍ മുന്നില്‍
കിടന്ന കസേര ശൂന്യം.
ഒരലര്‍ച്ച
കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍
വറീത്മാപ്ല കൈയില്‍ ചൂലുമോങ്ങി
നില്‍ക്കുകയാണ്.
“എണീക്കട
നായിന്റെ മോനേ... അവന്റമ്മേട
മരണമന്വേഷിച്ചു നടക്കുന്നു...”
ഞാനെഴുന്നേല്ക്കാന്
ഭാവമില്ലെന്നു കണ്ടപ്പോള്‍
അയാള്‍ മേശപ്പുറത്ത്
ചൂലുകൊണ്ടാഞ്ഞടിച്ചു.
ഇത്തരം സന്ദര്‍ഭങ്ങളില്‍
ഏതു മാര്ഗ്ഗമാണനുവര്ത്തിക്കേണ്ടതെന്ന്
ഞാനൊരു നിമിഷം ഓര്‍മപുതുക്കി.
'….കണ്ണില്‍
നിന്ന് നോട്ടം മാറ്റരുത്..
ഒട്ടും ക്ഷോഭം
കാണിക്കരുത്, നേര്‍ത്തൊരു
ചിരിയാകാം, ചിരിയില്‍
അനുതാപത്തിന്റെ
സ്പര്‍ശമുണ്ടാവണം...ചുമലെല്ലുകള്‍
ഉയര്‍ത്തിപ്പിടിച്ച്
ആത്മവിശ്വാസത്തോടെ ഇരിക്കണം'
എഡിറ്റര്‍-ഇന്‍-ചാര്‍ജ്ജ്
ഡോ.രാംകുമാര്‍
മേശപ്പുറത്തെ പേപ്പര്‍വെയ്റ്റ്
കറക്കിക്കൊണ്ട് ചോദിച്ചു :
'എനി
ഡൗട്ട്സ് ?'
ചെറുതായൊന്നു
പരുങ്ങിക്കൊണ്ട് ചോദിച്ചു
:
'ദേഹോപദ്രവം
ഉണ്ടായാലോ?'
'ഏയ്,
അങ്ങനെയുണ്ടാവില്ല.
തീര്‍ത്തും അപരിചിതനായ
ഒരാളെ തല്ലിയിട്ട് അവര്‍ക്കെന്തു
കിട്ടാന്‍? അത്രയ്ക്ക്
അബ്നോര്മലാണെന്നു തോന്നിയാല്‍
ഒന്നു കരുതി നിന്നോളു.
നമ്മുടെ ഈ പണിക്ക്
ഒന്നോ രണ്ടോ അടി ഏല്‍ക്കുന്നത്
നല്ലതാണ്. അതോടെ
അവരില്‍ ഒരു പാപബോധമുണ്ടാകും.
ഊര്‍ജ്ജം നമ്മളിലേയ്ക്ക്
മാറ്റപ്പെടുകയും ചെയ്യും.
ശിവന് ഭയപ്പെടേണ്ട,
മരണം നടന്നതിനടുത്ത
ദിവസങ്ങളില്‍ ഒരിടത്തും
പോകണ്ട. മൂന്നോ
നാലോ ദിവസം കഴിഞ്ഞു പോയാല്‍
മതി'
വറീത്
മാപ്ല ഇപ്പോള്‍ ചൂലു
താഴെയിട്ടിരുന്ന് കരയുകയാണ്....
'ഒക്കെ
കര്‍ത്താവിനറിയാം... അവന്റെ
മണവാട്ടിയല്ലേ അവ്ള്...
അവന് ചോദിച്ചോളും....'
*******
എന്തുകൊണ്ടാണ്
ആഗ്നസ്സിന്റെ കണ്ണുകളില്‍
നോക്കുമ്പോഴെല്ലാം എനിക്ക്
ചിരിവരുന്നത്?
ചിരിപ്പിക്കുന്ന
യാതൊന്നും അവളിന്നുവരെ
പറഞ്ഞതായി ഓര്‍മയില്ല.
അപ്പന്റെ മദ്യപാനം,
ആങ്ങളയുടെ ദുഷിച്ച
നോട്ടം, അടിക്കടി
വെണ്ടറക്കുന്നില് നോക്കി
മൗനിയാകുന്ന അമ്മ... ദുരിതങ്ങളുടെ
കുമ്പസ്സാര കൂടിനെ നോക്കി
ഒടുവിലൊരപേക്ഷ :
'നീയെന്റെ
കഥയൊന്നെഴുതണം'
'കഥ
പറയാനുള്ളതാണ്, ഞാനൊരു
കഥ പറയാം, എഴുതാനെനിക്കു
മടിയാണ്... കണ്ണീരില്‍
കുഴഞ്ഞ നിന്റെ കഥയല്ല,
ആദിപുരാതനമായ........'
അങ്ങനെയങ്ങനെ ഞാനൊരു
കഥയായി അവളില്‍ പരക്കും.
പക്ഷേ, അപ്പോഴൊന്നും
ഞാനവളുടെ കണ്ണില്‍ നോക്കാറില്ല.
എന്തുകൊണ്ടാണ്
ഗൗതമന് കൊട്ടാരം വിട്ടിറങ്ങിയത്?
സീതയും
ലക്ഷ്മണനും തമ്മിലെന്തായിരുന്നു?
ഗാന്ധിജി
നൂല്‍ബന്ധമില്ലാതെ
പെണ്ണുങ്ങള്‍ക്കിടയില്‍
കിടന്നത് എന്തു തത്വം
പഠിപ്പിക്കാനാണ്?
രാഹുല്‍ഗാന്ധി
കല്യാണം കഴിക്കാത്തതെന്തുകൊണ്ടാണ്?
ഏല്യാമയുടെ
ഭര്‍ത്താവ് ജോലി കഴിഞ്ഞു
വരുമ്പോള്‍ ഗേറ്റിനടുത്തുവെച്ച്
പൂച്ചയുടെ കാല്പാദം
കടംവാങ്ങുന്നതെന്തിനാണ്?
കണ്ടുകണ്ടങ്ങിരിക്കുമ്പോള്‍
കണ്ടോ ഇല്ലയോ എന്ന സംശയം
ഉണ്ടാക്കുന്നത് എഫ്.ടി.വി
യാണ്. അതുകൊണ്ട്
ആഗ്നസ്സേ, എന്റെ
പ്രിയപ്പെട്ട ആഗൂ...
പൂന്താനത്തിന്റെ
കാലത്തുതന്നെ ഫാഷന്‍ ടിവി
ഉണ്ടായിരുന്നു.
*******
ജോസഫ്
നല്ല ഇടയനായിരുന്നില്ല.
മുടന്തി നടന്ന
ആട്ടിന്‍കുട്ടിയോടൊപ്പം
നില്ക്കാന് അയാള്‍ നടത്തം
പതുക്കെയാക്കിയത് അതിനെ
കൂട്ടത്തില്‍നിന്ന്
അകറ്റാനായിരുന്നു. 'എനിക്കു
ശേഷം വരുന്നവനുവേണ്ടി,
പ്രിയപ്പെട്ട
ആഗ്നസ്സേ, നീ
നിന്റെ ചെരുപ്പിന്റെ
വാറഴിക്കേണ്ടിവരും' എന്ന
അപ്പുക്കുട്ടന്റെ ഉപദേശത്തിന്
അവളെ പിടിച്ചു നിര്‍ത്താനായില്ല.
'എന്താണ്
ജോ, ഞാന്‍ ഇങ്ങനെയായത്?
എല്ലാവര്ക്കും
ഞാനൊരു തമാശയാണ്. അപ്പുക്കുട്ടന്
പോലും എന്റെ മുഖത്തു നോക്കുമ്പോള്‍
എപ്പോഴും ചിരിക്കുന്നു.'
'അത്
അവനൊരു ബുദ്ദൂസായതുകൊണ്ടാണ്''
ജോസഫിന്റെ വിരലുകള്‍
ആഗ്നസ്സിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍
ആഗ്നസ് ചോദിച്ചു:
'ജോസഫ്,
എന്നെ നീ ശരിക്കും
സ്നേഹിക്കുന്നുണ്ടോ?'
ചിരിയിലൊതുങ്ങിയ
മറുപടി കണ്ട് അവള് പറഞ്ഞു
'എന്നെ,
എന്നെ മാത്രം
സ്നേഹിക്കണം'
അതിനവന്
ഒന്നും പറഞ്ഞില്ല.
ഇതെക്കുറിച്ച്
പിന്നീടൊരിക്കല്‍ അവള്
പറഞ്ഞു
'എനിക്കറിയാം,
ഈ ലോകത്തില്‍
ഒരാള്‍ക്ക് ഒരാളെ മാത്രമായി
സ്നേഹിക്കാനാവില്ലെന്ന്.
പക്ഷേ, വെറുതെ
ഒന്നു കേള്‍ക്കാന്‍ കൊതിച്ച്
ചോദിച്ചതാണ്... അല്ലെങ്കിലും,
ഞാന്‍ ആശിക്കുമ്പോള്‍
എനിക്കൊന്നും കിട്ടാറില്ല
; ഒരു കപ്പു
കാപ്പിപോലും.'
'യഥാര്‍ത്ഥ
ദാഹമറിഞ്ഞ് നീയാര്ക്കെങ്കിലും
കാപ്പി പകര്‍ന്നു നല്കിയിട്ടുണ്ടെങ്കില്
തീര്‍ച്ചയായും നിനക്കതു
തിരിച്ചുകിട്ടും' ജോസഫ്
ഒരു നിമിഷം ജോസഫ് പുണ്യാളനായി
ഉയിര്‍ത്തെഴുന്നേറ്റു.
അടുത്ത നിമിഷം
അവനവളിലേയ്ക്ക് വീണടിഞ്ഞു.
*******
വില്‍ഫ്രഡ്
അച്ചന് രസികനാണെങ്കിലും
ആളൊരു വില്ലനാണെന്ന്
എനിക്കറിയാമായിരുന്നു.
ആഗ്നസ്സിന്റെ
കഥ മുഴുവന്‍ അറിയാവുന്ന,
അവളുടെ കണ്ണുകളില്‍
നോക്കാനാവാത്ത എനിക്കറിയാം,
ദൈവമല്ല വില്ഫ്രഡച്ചനാണ്
അവളെ മഠത്തിലേയ്ക്ക്
വിളിച്ചിരിക്കുന്നതെന്ന്.
'ആഗ്നസ്,
നീ മഠത്തില്‍ ചേരരുത്.
നീ ദേവദാസിയാകേണ്ടവളല്ല'
ഞാനവളോടു പറഞ്ഞു.
'പ്രിയപ്പെട്ട
അപ്പുക്കുട്ടാ, ഞങ്ങട
ജാതിയില്‍ ദേവദാസിയെന്നല്ല,
ദൈവത്തിന്റെ മണവാട്ടി
എന്നാണു പറയുക. ദാസിപ്പണിക്കല്ല
ഞാന്‍ പോകുന്നത്''
'അതെന്തു
കുന്തമോ ആകട്ടെ, നീ
ദൈവത്തിന്റെ മണവാട്ടിയാകേണ്ടവളല്ല'
'പിന്നാരുടെയൊക്കെയാവണം?'
അവളുടെ
ചോദ്യത്തിനുമുന്നില്‍
ഞാനാദ്യമായി മുട്ടുമടക്കി.
എങ്കിലും പറഞ്ഞു:
' ആ
വില്ഫ്രഡച്ചനെ ശരിക്കും
അറിഞ്ഞിട്ടാണോ ഈ തീരുമാനമെടുത്തത്?'
'അപ്പുക്കുട്ടനെ
അറിയുന്നിടത്തോളം എനിക്ക്
ജോസഫിനെ അറിയാം, ജോസഫിനെ
അറിയുന്നിടത്തോളം
വില്ഫ്രഡച്ചനെയുമറിയാം.
അയാളുടെ മണവാട്ടിയായല്ല
ഞാന്‍ പോകുന്നത്.'
കൂടുതലെന്തെങ്കിലും
പറയുന്നതില്‍ അര്‍ത്ഥമില്ലെന്നറിഞ്ഞ്
ഞാന്‍ മിണ്ടാതെ നിന്നു.
അരമനയുടെ
ചവിട്ടടികള്‍ കയറിത്തുടങ്ങിയ
അവള് ഒരു നിമിഷം തിരിഞ്ഞു
നിന്നു ചോദിച്ചു:
'ബുദ്ധന്
എന്തുകൊണ്ടാണപ്പുക്കുട്ടാ
കൊട്ടാരം വിട്ടിറങ്ങിയത്?'
*******
പുറകില്‍,
പെട്ടെന്ന് സോഡിയം
ലാമ്പ് പ്രകാശിച്ചപ്പോള്‍
പുഴയിലേയ്ക്ക് വളര്ന്നുവീണ
മുന്നു നിഴലുകള്‍ക്കിടയില്‍
മഞ്ഞപ്രകാശത്തില്‍ ഓളങ്ങള്‍
ചലിക്കുന്നതു നോക്കി
അപ്പുക്കുട്ടനിരുന്നു.
മറ്റു രണ്ടുപേരും
തന്നെ തനിച്ചാക്കി ചിന്തിക്കാന്‍
തുടങ്ങുകയാണെന്നു തോന്നിയപ്പോള്‍
അയാള്‍ക്കു പേടിയായി. ഒരു
വിഡ്ഢിച്ചിരിയുടെ അകമ്പടിയോടെ
അയാള്‍ മറ്റു രണ്ടുപേരെയും
വീണ്ടും സംഭാഷണങ്ങളിലേയ്ക്കു
പിടിച്ചു വലിച്ചു.
'ഒരു
തരത്തില്‍ എനിക്കിതൊരാശ്വാസമാണ്.
ഏതു നേരവും 'എന്റെ
കഥയെഴുതൂ, എന്റെ
കഥയെഴുതൂ' എന്നു
പറഞ്ഞവളെന്നെ ശല്യപ്പെടുത്തുമായിരുന്നു.'
'ആയിരുന്നു'
എന്ന പ്രയോഗം
ഭൂതകാലത്തിലേയ്ക്ക് തന്നെ
തള്ളിയിടുന്നതറിഞ്ഞ് അയാള്‍
ഉടനെ തിരുത്തി:
'ആ
ശല്യം തീര്‍ന്നു.'
പൂഴിയില്‍
ചൂണ്ടുവിരല്‍ താഴ്ത്തി,
ആ കുഴിയില്‍
മദ്യമൊഴിച്ചുകൊണ്ടിരുന്ന
ജോസഫ് പെട്ടെന്നു തല തിരിച്ചു.
അയാളുടെ കണ്ണുകള്‍
തുടുത്തിരുന്നു.
'നീയതെഴുതിയിരുന്നെങ്കില്
ഒരുപക്ഷേ, അവള്
ജീവിച്ചിരുന്നേനെ... നീ
പോലും മനസ്സിലാക്കിയില്ല
എന്ന അറിവായിരിക്കണം അവളെ...'
ജോസഫിനെ തുടരാനനുവദിക്കാതെ
അപ്പുക്കുട്ടന് അയാളുടെ
കഴുത്തില്‍ കയറിപ്പിടിച്ചു.
'ദൂഷ്ടാ,
ഇപ്പോ കുറ്റം എന്റെ
പുറത്തുവെച്ചു രക്ഷപ്പെടാന്‍
നോക്കുന്നോ? ആരായിരുന്നു
അവളെ പെഴപ്പിച്ചത്? ഡോ.സുലേഖ
എന്നോടു പറഞ്ഞത് ഞാനിവിടെ
വിളിച്ചുപറയണോ....? പാവമൊരു
പെണ്ണിനെ...' കിതപ്പുകൊണ്ടു
മുറിഞ്ഞ വാക്കുകളെ കൈവിരലുകളിലേയ്ക്ക
പകര്‍ന്ന് അപ്പുക്കുട്ടന്
ജോസഫിന്റെ കഴുത്തില്‍
മുറുക്കിപ്പിടിച്ച് മുഖം
പൂഴിയിലേയ്ക്കു താഴ്ത്തി.
'നിന്നെ
ഞാനിന്നു തീര്‍ക്കുമെടാ...'
കൈയിലിരുന്ന
ഗ്ലാസ്സ് പൂഴിയിലേയ്കെറിഞ്ഞ്
വില്‍ഫ്രഡ് അവര്‍ക്കിടയില്‍
മുട്ടുകുത്തിനിന്ന് ഇരുവരെയും
അടര്‍ത്തിമാറ്റി.
'കഴുവേര്‍ടെ
മക്കള്‍... ഇതിനാണോ
നിന്നെയൊക്കെ ഇവിടേയ്ക്ക്
കെട്ടിയെടുത്തത്? നിങ്ങള്‍
രണ്ടുപേരും ചേര്ന്നാണവളെ
കൊന്നത്.. മഠത്തില്‍
ചേര്‍ന്നിട്ടും സ്വൈര്യം
കൊടുക്കാതെ പുറകെ നടന്ന്...'
വില്‍ഫ്രഡിന്റെ
വാക്കുകള്‍ തീരും മുമ്പ്
അപ്പുക്കുട്ടനും ജോസഫും
അയാളുടെ മുകളിലേയ്ക്കു
ചാടിവീണു.
'ഞങ്ങള്ക്കറിയാടാ
നിന്നെ...' വായിലെ
പൂഴി ജോസഫ് വില്‍ഫ്രഡിന്റെ
മുഖത്തേയ്ക്കു തുപ്പി.
'എന്റെ
ആഗുവിനെ നീയാണ് കുരുതികൊടുത്തത്''
അപ്പുക്കുട്ടന്
വില്‍ഫ്രഡിന്റെ നെഞ്ചില്‍
കയറിയിരുന്നു.
'ഏയ്,
ഞാന്‍ നിങ്ങളെ
പറഞ്ഞതല്ല. അവളെന്തായാലും
മരിക്കുമായിരുന്നു. നമ്മള്
മൂന്നുപേരും അതിനുത്തരവാദികളല്ല.'
ഞെരങ്ങിക്കൊണ്ട്
വില്ഫ്ഡഡ് പറഞ്ഞു:
'കഴിയാനുള്ളതു
കഴിഞ്ഞു. വെറുതെ
നമ്മളെന്തിനാ തമ്മില്‍
തല്ലുന്നത്?'
അപ്പുക്കുട്ടനും
ജോസഫും വില്‍ഫ്രഡിന്റെ
പുറത്തുനിന്നും ഇറങ്ങി.
ബോധോദയമുണ്ടായപോലെ
അപ്പുക്കുട്ടന് പറഞ്ഞു:
'അതെ...
നമ്മളൊന്നുമല്ല
അതിനുകാരണം. എനിക്കറിയാം,
അവളുടെ കുടുംബപശ്ചാത്തലം
വളരെ മോശമായിരുന്നു.'
'അവള്‍ക്കൊരിക്കലും
ആരെയും സ്നേഹിക്കാനാവുമായിരുന്നില്ല.'
ജോസഫ് പറഞ്ഞു.
'സന്യാസോചിതമല്ലാത്ത
പല സ്വഭാവങ്ങളും അവള്‍ക്കുണ്ടായിരുന്നു.
ഞാനതൊന്നും നിങ്ങളോടു
പറഞ്ഞില്ലെന്നേയുള്ളൂ'
വില്‍ഫ്രഡ്
കൂട്ടിച്ചേര്‍ത്തു. മറ്റുള്ള
രണ്ടുപേരും ഒരു കഥകേള്ക്കുന്നപോലെ
വില്‍ഫ്രഡിന്റെ മുഖത്തുനോക്കിയിരുന്നു.
ഒരു സോഡാകുപ്പികൂടി
പൊട്ടിച്ച് വില്‍ഫ്രഡ്
അവര്‍ക്കുമുന്നില്‍ ചമ്രം
പടിഞ്ഞിരുന്ന് ചിരിച്ചു.
അവശേഷിച്ച മദ്യം
സോഡാക്കുപ്പിയിലൊഴിച്ച്
കുലുക്കി കൈമാറിക്കുടിച്ച്
കെട്ടിപ്പിടിച്ചുമ്മവെച്ച്
അവര്‍ പുഴയോരം വെടിഞ്ഞു.
അനന്തരം, ഇരുളില്‍
ഒറ്റപ്പെട്ടപ്പോള്‍ മൂന്നുപേരും
കൈത്തലം കൊണ്ടു മുഖം മറച്ച്
പൊട്ടിക്കരഞ്ഞു.
*******
ടൈപ്പ്
ചെയ്തിടത്തോളം മാറ്റര്‍
പ്രിന്റെടുത്ത് ഫയലിലാക്കി
ഡോ.രാംകുമാറിന്റെ
മേശപ്പുറത്തുവെച്ചു കൊണ്ട്
ഞാന്‍ പറഞ്ഞു:
'ഇല്ല,
സര് ഇത്
പ്രസിദ്ധീകരണയോഗ്യമാണെന്നു
തോന്നുന്നില്ല.
പി.എ.ഷാന്‍