പൂരപ്പറമ്പിലെ
പുല്‍ച്ചെടിക്കെപ്പോഴും
പേടിയാണ്
ഒച്ചത്തിരയടിയില്‍
അതിന്റെ കരച്ചില്‍
ആരും
കേള്‍ക്കുന്നില്ലെന്നേയുള്ളൂ
നടപ്പതെല്ലാം
അന്നു വഴിയാണെന്നതിനറിയാം
അലക്ഷ്യമോ
അനേകലക്ഷ്യമോ ആയ
കാലുകളുടെ
ഏതുചലനവും നെറുകയിലാവാം
ധര,ധരിത്രി,ക്ഷിതി,ക്ഷോണി
ഏതുപേരിട്ടു
വിളിച്ചാലും
തുടക്കവുമൊടുക്കവും
പൂരപ്പറമ്പിലെ
ചെളിമണ്ണിലാണ്
അതുകൊണ്ട്
ഉത്സവാരവങ്ങളിലും
പുല്ല്
ഒറ്റയ്ക്കാണ്
ഏതു
നിഴലാട്ടവും നിറഭേദവും
അത്
സംശയദൃഷ്ടിയോടെ കാണുന്നു
ഏതുകാലുകളാവാം
തന്നെചവിട്ടി
കടന്നുപോവുക?
വേദനയില്ലാതെ
വേരറുത്താല്‍
അപ്പൂപ്പന്‍
താടിപോലെ......
പുല്ലിനും
പകല്‍ക്കിനാവുകളുണ്ട്
മുക്കുറ്റി,കറുക,സൂചിമുഖി...
ആരാണെന്നെ
പേരിട്ടു സ്വന്തമാക്കുക!
നേരം
തെറ്റിക്കടന്നുവരുന്ന
പുല്‍ച്ചാടിയോട്
പുല്ല്
പിറുപിറുക്കുന്നതിങ്ങനെ :
ചാടിപ്പോകാന്‍
കാലുകള്‍
പറന്നകലാന്‍
ചിറകുകള്‍
കാണാനിനിയും
കാഴ്ചകള്‍
എല്ലാം
നിനക്കുസ്വന്തം
തിരക്കുമുറുകും
മുമ്പ്
എന്നില്‍
നിന്നും ചാടിയകലുക
കഴിയുമെങ്കില്‍
എന്നെയോര്‍ത്ത്
'പുല്ലെന്നു'
ചിരിക്കാതിരിക്കുക
മേളം
മുറുകിയപ്പോള്‍
ചെണ്ടകളലറിയപ്പോള്‍
ഇലത്താളം
മെയ്യോടുമെയ്
ചേര്‍ന്നലച്ചപ്പോള്‍
കുറുംകുഴല്‍
നാദത്തിന്റെ
വിടവൊന്നടച്ചത്
ഒരു
തേങ്ങലായിരുന്നു
ഉച്ചത്തിലുള്ള
ഒരു മൗനം
കേട്ടുവോ
നിങ്ങളാ നിലവിളി?
പി.എ.ഷാന്‍
👍👍
ReplyDeleteഉത്സവാരവങ്ങളിലും
ReplyDeleteപുല്ല് ഒറ്റയ്ക്കാണ്...