Monday, December 17, 2012

വിഡ്ഢി

മരിക്കുന്നവന്‍ കരുതുന്നതിലും എത്രയോ വേഗമാണ്
ഉറ്റവരുടെ മുറിവുകളുണങ്ങുന്നത്
എത്രപെട്ടെന്നാണ് വേര്‍പാടൊരോര്‍മയാകുന്നത്
കാര്യങ്ങള്‍ പഴയപടിയാവുന്നത്

മരിച്ചവന്‍ തീര്‍ച്ചയായും ഇതിലേറെ അര്‍ഹിക്കുന്നുണ്ട്
ആ അടര്‍ന്നുപോക്ക് താങ്ങാനാവാത്ത ആരൊക്കെയോ
കൂടെവരുമെന്നയാള്‍ പിന്തിരിഞ്ഞാണ് പോയത്

അയാള്‍ ഇനിയൊരിക്കലും വരില്ലെന്നതാണോ
അയാളെ ഇനിയൊന്നും ബോധിപ്പിക്കേണ്ടെന്നതാണോ
പ്രകടനങ്ങളസംഗതങ്ങളാവുന്നതാണോ
അവരെ വീണ്ടും അവരവരാക്കിയത്

അയാളുടെ ദേഹം വിട്ടുകൊടുക്കില്ലെന്നലമുറയിട്ടവള്‍
രാത്രിയിലയാള്‍ അകത്തുവന്നെന്നു തോന്നി
അലറിവിളിക്കുന്നു...

കൂട്ടുകാരാ,
നാം നടന്ന വഴികള്‍ എന്നെങ്കിലും
നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ ?

തലയുരിഞ്ഞിട്ടും

വലിച്ചെറിഞ്ഞ മൊബൈല്‍ നിലത്തുകിടന്ന് ചിലയ്ക്കുന്നു

ആരോ സന്ദേശമയച്ചിട്ടുണ്ട്

ഒരു പക്ഷേ, ജീവിതത്തെ മറ്റൊന്നാക്കാന്‍ പോന്നത്

എടുത്തു നോക്കുമ്പോള്‍ 
പതിവു ലോണടഞ്ഞതിന്‍റെ നന്ദിവാചകം

ഊതിപ്പെരുപ്പിച്ച ബലൂണുകളെല്ലാം പൊട്ടിത്തീര്‍ന്നിരിക്കുന്നു

പലകുറി എറിഞ്ഞോടിച്ചിട്ടും, 
മോങ്ങിയും ഞെരങ്ങിയും
വാലാട്ടിക്കൊണ്ടൊരു പട്ടി പിന്നെയും മുറ്റത്ത്

എല്ലാ ഉത്തരത്തിലും 
പ്രാണവേദനയോടെ ഒരു പല്ലി ചിലയ്ക്കുന്നു
താഴെ, ഉരിഞ്ഞിട്ട വാല്‍ 
ജീവന്‍റെ അവസാന ഓര്‍മകളെ കുടഞ്ഞു കളയുന്നു

Saturday, October 20, 2012

ശ്രാദ്ധം


ശ്രാദ്ധതീരങ്ങളിലെ
നിന്‍റെ സന്ദര്‍ശനം
മുറിവുകളില്‍ ഉപ്പുനീരായി
മുഴുവന്‍ ചാരമായിട്ടില്ല എന്ന
ഓര്‍മപ്പെടുത്തലായി
അകമേ അടങ്ങാത്ത
നീറ്റലായി
ഒടുങ്ങാത്ത നെഞ്ചിടിപ്പായി
എന്നില്‍ നിറയുമ്പോള്‍
തൊട്ടടുത്ത പിണ്ഡത്തില്‍
എള്ളും പൂവുമിട്ട്, നീരിറ്റിച്ച്
നീ മടങ്ങുകയായി

അവസാന രംഗം
ഇത്രയ്ക്ക് ലക്ഷണം കെട്ടതാവണമെന്ന്
ഏതു ദൈവം നിശ്ചയിച്ചതാവാം?

Friday, October 5, 2012

പാതി കരിഞ്ഞ ഒരു മുഖം

പാതി കരിഞ്ഞ ഒരു മുഖം
കുത്തിക്കീറിയ കവിള്‍
സിറിഞ്ചു തറഞ്ഞിരിക്കുന്ന കണ്ണ്
നാവില്‍ വരഞ്ഞിറങ്ങിയ ബ്ലേഡ്
പാതി വിണ്ട്, ചോരയിറ്റുന്ന ചുണ്ടുകള്‍
അടര്‍ന്നു വീഴാറായ വിരലുകള്‍
പറിച്ചെടുത്ത ഹൃദയം
നെഞ്ചില്‍ നിന്ന് ചോരയൊഴുകുന്ന ദ്വാരം
നിന്‍റെ ചിത്രശേഖരത്തില്‍
ഞാന്‍ കണ്ട കാലുകള്‍
അന്യോന്യം ചെളിതുടച്ച്
വികൃതമായവ
നിന്‍റെ ഗായകന്‍
ജടപിടിച്ചമറുന്നു
നിന്‍റെ നായകന്‍
നെറുകയിലണിഞ്ഞ
നക്ഷത്രത്തില്‍ ചോരയും
കറുപ്പും മണക്കുന്നു
കായല്‍ പോലെ വിശാലമായിരുന്ന നിന്‍റെ
കണ്ണുകളില്‍ കരിനീലത്തിര കനക്കുന്നു
കണ്ടു കണ്ടങ്ങിരിക്കേ, അവ
അഗാധ ഗര്‍ത്തങ്ങളാവുന്നു

ഇടറിയ വഴിയില്‍ നിന്ന്
ഇത്തിരിപ്പോന്ന നമ്മള്‍
ഒത്തിരിപ്പോന്നെന്ന്
അകത്താരോ പിറുപിറുക്കുന്നു

ഭൂപടം


ഭൂപടത്തേക്കാള്‍ അശ്ലീലമായ
പടമേതാണുള്ളത്?
വരകള്‍ക്കപ്പുറത്ത്
ശത്രുക്കളെ കരുതിവെയ്ക്കുന്ന
ഭാഷകളെ കലക്കിക്കളയുന്ന
കളികളെപ്പോലും യുദ്ധങ്ങളാക്കുന്ന
അതിരുകളും അരുതുകളും നിശ്ചയിക്കുന്ന
അന്യോന്യം ഉള്‍പ്പിരിവുകളുള്ള
മറച്ചുവെയ്ക്കലുകള്‍ക്ക് മാത്രം തികയുന്ന
തൊട്ടാല്‍ പൊള്ളുന്ന
ഈ ഭൂപടങ്ങളേക്കാള്‍
അശ്ലീലമായി എന്താണുള്ളത്
മുഖപടമല്ലാതെ ?!

ആദിപാപം

അകാലത്തില്‍ പെയ്ത മഴകൊണ്ട്
പനി പിടിച്ചാണയാള്‍ മരിച്ചത്
മരണത്തിനു തൊട്ടുമുമ്പുവരെ
ശല്യക്കാരനായി തീര്‍ന്ന മഴയെ
അയാള്‍ പഴിച്ചുകൊണ്ടിരുന്നു
ദിവസങ്ങളോളം തന്നെ കട്ടിലിലാക്കിയതിന്
സകല കണക്കുകളും പിഴപ്പിച്ചതിന്
നാവിലെ രുചി കുറച്ചതിന്
നിരന്തരം ചുമയ്ക്കേണ്ടി വന്നതിന്

അന്തകനാകാനുള്ള കരുത്ത്
ആ പനിയ്ക്കുണ്ടെന്നയാള്‍ കരുതിയതേയില്ല
അറിവില്ലായ്മയുടെ കാരുണ്യം
അയാള്‍ ആവോളം അര്‍ഹിക്കുന്നുണ്ടായിരുന്നു
എന്നിട്ടും, ചുമലില്‍ തണുത്ത കൈവെച്ച്
മരണം അയാളെ ഓര്‍മകളിലേയ്ക്കടര്‍ത്തി മാറ്റി
വിശുദ്ധനായിരുന്നു, ഒരു പാപവും ചെയ്തില്ല
ഒരു മഴ കൊണ്ടതൊഴിച്ച്

പിതാവേ, പൊടിയിലേയ്ക്കാട്ടിയോടിക്കാന്‍
ആ പഴക്കണക്കു തന്നെ
നീ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്ത്?

പൂച്ച

പതുങ്ങിക്കൊണ്ടൊരു പൂച്ച
പുലിയെ ഓര്‍മിപ്പിക്കുന്നു
നിവൃത്തികേടുകൊണ്ടാവാം
മുഖത്തൊരു കടുവയെ ഒളിപ്പിക്കുന്നു
സര്‍ഗ്ഗാത്മകമാകുമ്പോഴെല്ലാം
അമര്‍ത്തിവെച്ച നഖങ്ങള്‍
പുറത്തുചാടുന്നു
ഇരുള്‍ വഴികളില്‍
ഇരുകണ്‍രൂപിയായി
വന്യമായ മുരള്‍ച്ച കൂര്‍പ്പിച്ച്
കാത്തിരിക്കുന്നു

പുഴു

പുഴുക്കളെപ്പോലെ ആസകലം
അരിച്ചിറങ്ങും ചില ബന്ധങ്ങള്‍
എത്രതട്ടിയാലും പോവാതെ
എത്ര ചൊറിഞ്ഞാലും തീരാതെ
ചില അഗമ്യഗമനങ്ങള്‍
സൌഹൃദത്തിന്‍റെ ശലഭവീഥികളിലെ
പാതി കലങ്ങിയ സമാധികള്‍
പറക്കലല്ല ഇഴയലാണ് പഥ്യം
കടിച്ചു തൂങ്ങലാണ് ശീലം
അശുജന്മമെന്ന വിനയം
അലസഗമനമെങ്കിലും
തന്‍റേടങ്ങളില്‍ വേഗമെത്തുന്ന വേഗത
പലവഴിയുഴയ്ക്കുന്ന ശീലജ്ഞാനം
കണ്ണൊഴിച്ചെന്തും കാണാം
കതിരുകളകമേ മുറിക്കും
ഗൃഹാതുരതയേറും
ചീഞ്ഞൊടുങ്ങും വരെ വിട്ടുപോവില്ല
അഭിമാനിയാണ്
ചെറുതായൊന്നു തൊട്ടാല്‍ പോലും
പൊള്ളിപ്പിടയും
അധ്വാനിയാണ്
ഇരുണ്ടുവെളുക്കും മുമ്പേ
നിങ്ങളിലെ പച്ചപ്പുകള്‍ പാടെ തിന്നു തീര്‍ക്കും

Wednesday, September 26, 2012

എന്നിട്ടും

ഒറ്റത്തവണയല്ലേ ഞാനാ കഞ്ഞിവെള്ളത്തില്‍
വിഷം കലക്കിയുള്ളൂ ?
ഒരു മുള്ളു കൊണ്ടല്ലേ ആ
കടക്കണ്ണില്‍ കുത്തിയുള്ളൂ ?
ഞാന്‍ വെച്ച ഒരു ബോംബല്ലേ പൊട്ടിയുള്ളൂ ?

കരപറ്റുന്നതുവരെ ഞാന്‍
നിനക്കുനേരെ കൈകൈലിട്ടടിച്ചില്ലേ?
ഓര്‍മകള്‍ കൊണ്ടെന്നും നിന്നെ പുതപ്പിച്ചില്ലേ?
കുത്തിക്കീറാന്‍ ആകാശവും
കണ്ണീരൊലിപ്പിക്കാന്‍ കടലുമായി കൂടെനടന്നില്ലേ?
നീ അഴിഞ്ഞ തെരുവിലെ വിഴുപ്പുകളൊക്കെയും
മാറത്തടുക്കിയില്ലേ?
എന്നിട്ടും
തരം കിട്ടുമ്പോഴെല്ലാം
ആ പഴയ പട്ടിയെപ്പോലെ
നീ മുറുമുറുക്കുന്നതെന്ത്?!

Friday, September 21, 2012

മറവി

മറവികള്‍ കൂട്ടിവെച്ചൊരോര്‍മയുണ്ടാക്കാം
എല്ലാം മറന്നുപോയെന്ന്
പറഞ്ഞ വാക്കുകള്‍ക്കിടയില്‍ മറവിയുടെ വിള്ളലുകള്‍ വീണ്
തമ്മിലടര്‍ന്ന്, അകന്ന്
ഇനിയൊരിക്കല്‍ കണ്ടാല്‍ തിരിച്ചറിയില്ലെന്ന്
അറിഞ്ഞാല്‍ തന്നെ
അര്‍ത്ഥം ചോര്‍ന്നു പോയെന്ന്
ഇനിയും
വിഷമം, ചേര്‍ച്ചയില്ലാത്ത രണ്ടിനെ
ചേര്‍ത്തു ചൊല്ലലെന്ന്

ഓര്‍മകള്‍ ചേര്‍ത്തുവെച്ചൊരു മറവിയുമാക്കാം
തട്ടിന്‍പുറത്തെ ഓട്ടുവിളക്കുപോലെ
ഇറങ്ങിയൊഴിയുന്ന ചവിട്ടുപടികള്‍ പോലെ
പരേതന്‍റെ പാപങ്ങള്‍ പോലെ
പാലം വന്ന കടവിലെ തോണി പോലെ
അസംഗതമായ തിരുശേഷിപ്പുകളുടെ
സങ്കലിത ശൂന്യത
ഒറ്റവെട്ടിനിരുമുറിയാത്ത
വേരിലേയ്ക്കു നീരിറങ്ങുന്ന നോവ്

ദൈവമേ,
മിന്നിമാഞ്ഞതൊക്കെയും നീയെന്ന
കണ്ണിലെ മരുപ്പച്ചകള്‍ തോരുന്നതെന്നോ ?

മുഖച്ചിത്രം

മുഖച്ചിത്രം ഒരു മുഖത്തിന്‍റെയും മുഴുച്ചിത്രമല്ല
അറിയാതൊന്നു തിരിഞ്ഞപ്പോള്‍
പിടഞ്ഞപ്പോള്‍
എങ്ങോ പതിഞ്ഞുപോയത്.
ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത
ഒരു നിമിഷത്തിന്‍റെ തിരുശേഷിപ്പ്.
അന്നേരം പ്രധാനമായ
ഏതോ ഉള്‍പ്രവാഹത്തിന്‍റെ
തിരയടയാളം തലങ്ങും വിലങ്ങും.
ഇതു നല്ലതാണെന്ന് കേട്ടാല്‍
നിലനിര്‍ത്താനും
ഇതു വേണ്ടായിരുന്നു എന്നു കേട്ട്
കുടഞ്ഞുകളയാനും പറ്റാത്തത്.
അമ്പത്തൊന്നു വെട്ടിനും പ്രാപ്തമായത്.
എന്നിട്ടും ,
കണ്ടാലറിയാതായി എന്നു കൂട്ടുകാര്‍
ഒത്തിരി മാറിപ്പോയെന്ന് നാട്ടുകാര്‍
പടത്തില്‍ കണ്ട ആളേയല്ലെന്നവള്‍
ഫ്ളക്സടിക്കാന്‍ ഇതുമതിയെന്ന് മക്കള്‍

മുഖച്ചിത്രം – മിക്കവാറും കാണാത്ത ഒന്നിന്‍റെ ചിത്രം
എപ്പോഴും , ഒറ്റുകൊടുക്കാന്‍ മാത്രം തികയുന്നത്

തോരാമഴ

ഇങ്ങനെ ചില തോരാമഴകള്‍ നല്ലതാണ്
ഒരിടത്തേയ്ക്കും പറഞ്ഞുവിടാതെ
ചിണുങ്ങിയും മുഖം കറുപ്പിച്ചും , 
ഉള്ളിലേയ്ക്കു തന്നെ ആട്ടിയോടിക്കുന്ന
പെയ്തൊഴിയാത്ത ചില മഴകള്‍ നല്ലതാണ്
അകത്തിപ്പോള്‍ ഒത്തിരിയിടമുണ്ട്
മുമ്പ് കാണാതെ പോയ പലതുമുണ്ട്
നല്ല തണുപ്പുണ്ട് , മടിയുണ്ട്
ഉറക്കം വരുന്നുണ്ട്
കറന്റുകൂടി പോയതുകൊണ്ട്
മനഃസമാധാനമുണ്ട്
കട്ടന്‍ കാപ്പിയും കടല വറുത്തതുമുണ്ട്
ഇരുട്ടായതിനാല്‍ സന്ധ്യയ്ക്കെല്ലാവരും
ഒരുമിച്ചിരിക്കുന്നുണ്ട്
അയലത്തെ പൂച്ചപെറ്റതടക്കം
വാര്‍ത്തയാകുന്നുണ്ട്
പിന്നാമ്പുറത്ത് ഒടിച്ചു മടക്കി കഷണമാക്കിയ
പാടത്തു നിന്ന് തവളക്കരച്ചിലുണ്ട്
വിളക്കിലേയ്ക്ക് ഈയലുകള്‍ പാറി വരുന്നുണ്ട്
നോക്കൂ, മഴനനഞ്ഞകത്തേയ്ക്കോടിക്കയറിയ
ഈ കാറ്റ് കൊണ്ടുവന്നതെന്തൊക്കെയാണ് !

ആനയും ഉറുമ്പും

“ആനയും ഉറുമ്പും” കഥകളെനിക്കിഷ്ടമാണ്
ഒരിക്കലും ചേരാത്തതു ചേര്‍ക്കുന്ന കൌതുകം.

ആനയ്ക്കു ചോരകൊടുക്കാനോടുന്ന ഉറുമ്പും
ഉറുമ്പിന്‍റെ ചെരുപ്പു തെറ്റിയിടുന്ന ആനയും
രണ്ടു ലോകങ്ങളെ ഒന്നാക്കാന്‍ ശ്രമിക്കുന്നു

പക്ഷേ, ഒരു തുള്ളിവെള്ളത്തില്‍ പിടയുമ്പോള്‍ ,
ഒരു അരി പോലും ഭാരമാകുമ്പോള്‍ ,
ഉറുമ്പനുഭവിക്കുന്നത്
ആനയുണ്ടോ അറിയുന്നു ?

ഒരു മാളത്തിലും കയറാനാകാതെ,
കയറിയ ഉയരങ്ങളില്‍ നിന്ന് ഇറങ്ങാനാവാതെ,
ഉടല്‍ ഭാരമായി
ആന വലയുന്നതുണ്ടോ ഉറുമ്പറിയുന്നു !?

കാണാമറയത്ത് നീ അലയുന്നതുണ്ടോ
ഞാനറിയുന്നു ?!

കാഴ്ചപ്പുറങ്ങളില്‍ ഞാന്‍ വലയുന്നതുണ്ടോ
നീ അറിയുന്നു ?!

സമയം

ചിലര്‍ക്കു തിടുക്കമാണ്
ഓ.. ഇനിയും കാത്തിരിക്കാനാവില്ല.
ആ ദിവസം
ആ നിമിഷം
ഒന്നു പെട്ടെന്നു വരാത്തതെന്ത് ?
അവനൊന്ന് വേഗം വന്നാലെന്ത്?
അവളിനിയും ഇറങ്ങിയില്ലേ?
എന്തൊരൊരുക്കമാണിത്?
ഉത്സവത്തലേന്ന് ഉറങ്ങാനാവുന്നതേയില്ല..
നിമിഷങ്ങളെ എങ്ങനെയാണ് കൊന്നൊടുക്കുക?
ഈ വണ്ടിയ്ക്കകത്തൊന്നോടി നോക്കിയാലോ?
വേഗമെത്തണം, അല്ലെങ്കില്‍ തീര്‍ന്നു പോവും.

ചിലര്‍ക്ക് മടിയാണ്
പേടിയാണ്
ദൈവമേ, ആ ദിനം വരാതിരുന്നെങ്കില്‍ !
ഈ രാവൊടുങ്ങാതിരുന്നെങ്കില്‍ !
ഘടികാരസൂചി നിന്നുപോയെങ്കില്‍ !
ആ റിസല്‍റ്റ് ഒരിക്കലും വരാതിരുന്നെങ്കില്‍ !
ഇനിയൊരിക്കലും തമ്മില്‍ കാണാതിരുന്നെങ്കില്‍ !
മരണത്തിലേയ്ക്കുള്ള ദിനങ്ങള്‍ക്കെന്തൊരു തിടുക്കമാണ്..
ഇല്ല, കണ്ടു തീര്‍ന്നിട്ടില്ല
പറഞ്ഞു തീര്‍ന്നിട്ടില്ല...
പതുക്കെ പോയാല്‍ മതി
ഇത്രനേരത്തെ എത്തിയിട്ടെന്തു ചെയ്യാനാണ്?

ഇരുപുറത്തെയും ആവശ്യം
ശക്തം, തീവ്രം ന്യായം

അതുകൊണ്ടാണ്
കാലമിത്രമേല്‍
മധ്യവര്‍ത്തിയായിരിക്കുന്നത്.

ഉറക്കം

ഉറക്കം ചെറുമരണമത്രേ
ഉറങ്ങുമ്പോള്‍,
ആത്മാവുകള്‍ ശരീരം വിട്ടിറങ്ങി, ഇഷ്ടംപോലെ
അലഞ്ഞുതിരിയും
സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് സഞ്ചരിക്കും
പലരോടൊത്തുകഴിയും
കെട്ടുപാടുകളില്ലാതെ...
പേടിക്കുകയും പേടിപ്പിക്കുകയും
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും
കരയുകയും കരയിക്കുകയും ചെയ്യും
അവര്‍ പരസ്പരം കാണുന്നുണ്ടത്രേ
ചിലര്‍ ആ കാഴ്ചകളോര്‍ക്കും
ചിലര്‍ മറക്കും
ഓര്‍ക്കുന്നവര്‍
അതിനെ, സ്വപ്നമെന്നും
മറക്കുന്നവര്‍
ഇതിനെ, ജീവിതമെന്നും
വിളിക്കുന്നു
ആര്‍ക്കു പറയാം?
എവിടെയോ കിടന്ന് സസ്സുഖം
ഉറങ്ങുന്ന നമ്മള്‍ കാണുന്ന
ഒരു ദുഃസ്വപ്നമല്ല ഈ ജീവിതമെന്ന് ?