Sunday, September 11, 2016

ആ(മ)വേഗം

അമര്‍ഷം താങ്ങാനാവാതെ

അമര്‍ത്തിപ്പറയുന്ന വാക്കുകളില്‍

മൌനം കട്ടപിടിച്ച്

ഒരിടര്‍ച്ചയാവുന്നു

അലറിവിളിക്കുമ്പോള്‍

തൊണ്ടയില്‍ കഫം കുരുങ്ങുന്നപോലെ



കരച്ചിലിന്റെ വിടവില്‍
അസ്ഥാനത്ത് വിരിയുന്ന
പരിഹാസം പോലെ

നിര്‍ത്തൂ എന്നു ഞാന്‍ പറഞ്ഞതെല്ലാം
തുടരൂ എന്ന് നീ വായിച്ചെടുക്കുന്നു.
വിരാമചിഹ്നം മൂന്നാവര്‍ത്തിക്കുമ്പോള്‍
തുടരും... എന്ന പ്രതീക്ഷയാല്‍

ഏത് പാപവും മൂന്നുവട്ടം ആവര്‍ത്തിച്ചാല്‍ പുണ്യമാകുന്നു

പുലര്‍ച്ചക്കോഴി മൂന്നുവട്ടംകൂവിയതുകൊണ്ടാണ്
അവന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നത്

ഇടനെഞ്ചില്‍ വെട്ടുമ്പോള്‍ മൂന്നേ വെട്ടാവൂ..
അമ്പത്തൊന്നുവെട്ടുമ്പോള്‍ അതൊരു കുറ്റമാവുന്നു

മൂന്നക്ഷരം കൊണ്ട് 
ജനിക്കാം
ജീവിക്കാം
മരിക്കാം
പ്രണയവും
വിരഹവും
കലഹവും
ത്ര്യക്ഷരിയെങ്കിലും
ഉറക്കത്തോളം വരില്ല  ഒരു മൂന്നക്ഷരവും.

ഉറക്കം ഒരു ചെറിയ കാര്യമല്ല
അറിയാതൊന്നു കണ്ണടച്ചപ്പോഴല്ലേ നീ കടന്നുപോയത്?!
എത്രവേഗത്തിലാണന്നു നീ പതുക്കെ നടന്നത്!

1 comment: