Thursday, October 17, 2013

ജി.മാഷ്

മരിച്ചവരെക്കുറിച്ച് ഇനി എന്തും പറയാം
അവര്‍ വന്ന് തിരുത്തുകയില്ല

മാഷ് പോയതിന്റെ പിറ്റേന്ന് രാത്രിയില്‍
നിര്‍ത്താതെ മഴപെയ്തു
ഏത് ചോരാക്കുടകൊണ്ടാണിത്രനാളും
മാഷ് ഈ തോരാമഴയെ തടഞ്ഞുനിര്‍ത്തിയത് ?

മാഷുടെ ശബ്ദം ഇടിമുഴക്കമായി
മിന്നല്‍ ഓര്‍മയായി
കാറ്റ് ചിരിയായി
ഒടുവില്‍, പറഞ്ഞതൊക്കെയും
മഴകൊണ്ടു് മായ്ച്ച്, മാഷ് പോയി

ഞങ്ങള്‍, ഒത്തിരി വൃദ്ധര്‍
ജീവിച്ചിരിക്കുമ്പോള്‍
വയസ്സുകൊണ്ടളന്ന്
ഇത്രചെറുപ്പത്തില്‍
മാഷ് പോവരുതായിരുന്നു

മാഷ് ജി എന്ന് വിളിക്കേണ്ടതിനെ
ജി മാഷെന്ന് വിളിച്ചവര്‍ ഞങ്ങള്‍
ഒന്നുകയറി കാണണം എന്ന്
തോന്നിയപ്പോഴൊക്കെ
പിന്നീടെന്ന് മാറ്റിവെച്ചു
എത്രനീട്ടിവെച്ചാലും തീര്‍ന്നുപോവാത്ത
തണലായിരുന്നു മാഷ്

അവസാനകാഴ്ചയില്‍
അത്രനാള്‍ പറഞ്ഞതൊക്കെയും
ചിരികൊണ്ടുപറയാന്‍ ശ്രമിച്ചു
ചുമയില്‍ മുറിഞ്ഞ വാക്കുകളെ
തോളില്‍ കൈവെച്ചു പൂരിപ്പിച്ചു
ഒത്തിരിപ്പറയാറുള്ള മാഷ്
അന്നിത്തിരിപ്പറഞ്ഞു നിര്‍ത്തി

വാക്കുകള്‍ക്കപ്പുറം, ഒരിറ്റുവെള്ളം
മാഷ് എന്റെ തലയിലും തെളിച്ചുവല്ലോ
എന്നിട്ടും തെളിയാത്ത ചിന്തകളെ
പാതിരാവില്‍ പെരുമഴയായി പെയ്ത്,
ഇടിമുഴക്കമായി ഉണര്‍ത്തിച്ച്

മിന്നലായി ഓര്‍മപ്പെടുത്തിയല്ലോ- നന്ദി

1 comment: