Friday, October 5, 2012

ആദിപാപം

അകാലത്തില്‍ പെയ്ത മഴകൊണ്ട്
പനി പിടിച്ചാണയാള്‍ മരിച്ചത്
മരണത്തിനു തൊട്ടുമുമ്പുവരെ
ശല്യക്കാരനായി തീര്‍ന്ന മഴയെ
അയാള്‍ പഴിച്ചുകൊണ്ടിരുന്നു
ദിവസങ്ങളോളം തന്നെ കട്ടിലിലാക്കിയതിന്
സകല കണക്കുകളും പിഴപ്പിച്ചതിന്
നാവിലെ രുചി കുറച്ചതിന്
നിരന്തരം ചുമയ്ക്കേണ്ടി വന്നതിന്

അന്തകനാകാനുള്ള കരുത്ത്
ആ പനിയ്ക്കുണ്ടെന്നയാള്‍ കരുതിയതേയില്ല
അറിവില്ലായ്മയുടെ കാരുണ്യം
അയാള്‍ ആവോളം അര്‍ഹിക്കുന്നുണ്ടായിരുന്നു
എന്നിട്ടും, ചുമലില്‍ തണുത്ത കൈവെച്ച്
മരണം അയാളെ ഓര്‍മകളിലേയ്ക്കടര്‍ത്തി മാറ്റി
വിശുദ്ധനായിരുന്നു, ഒരു പാപവും ചെയ്തില്ല
ഒരു മഴ കൊണ്ടതൊഴിച്ച്

പിതാവേ, പൊടിയിലേയ്ക്കാട്ടിയോടിക്കാന്‍
ആ പഴക്കണക്കു തന്നെ
നീ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്ത്?

2 comments:

  1. അറിവില്ലായ്മയുടെ കാരുണ്യം...Good concept..

    ReplyDelete
  2. "ചുമലില്‍ തണുത്ത കൈവെച്ച്
    മരണം അയാളെ ഓര്‍മകളിലേയ്ക്കടര്‍ത്തി മാറ്റി"

    കൊള്ളാം ഷാൻ...

    ReplyDelete