Sunday, February 12, 2017

ചില(അ)ന്തികള്‍

ചതി ഒരു കലാരൂപമാണ്
അഭ്യാസം മാത്രം പോരാ
ജന്മവാസനയും വേണം

ചിരിച്ചുകൊണ്ട് കുരുക്കിടണം
ഓരോ പിടച്ചിലും ആസ്വദിക്കണം
ഇടറിപ്പോവരുത് ഒരു ചലനത്തിലും

കരഞ്ഞുകാലുപിടിക്കണം
ഇരയോടൊപ്പം ഉറക്കെ നിലവിളിക്കണം
പിഴിഞ്ഞൂറ്റിക്കുടിക്കുമ്പോഴും പരിതപിക്കണം

കര്‍ത്താവേ, ഞാന്‍ പാപിയാണെന്ന്
ഇടയ്ക്കിടെ വിലപിക്കണം
എന്റെ പിഴ, എന്റെ പിഴ,
എന്റെ വലിയ പിഴയെന്ന് ഏറ്റുപറയണം
നിത്യവും മാനസാന്തരപ്പെടണം
ഓരോ ഒടുക്കവും മറ്റൊരു തുടക്കമാക്കണം

കാനനച്ഛായയില്‍ കാല്പനിക നിലാവില്‍
ഒരു കയ്യില്‍ തേനും മറുകയ്യില്‍ കാകോളവുമായി
മറ്റൊരുവനെ കാത്തിരിക്കണം

ചതിക്കപ്പെട്ട് ചത്തുമലച്ചവന്റെ കൈവെള്ള തുറന്നു നോക്കിയാല്‍ കാണാം
വിഡ്ഢിയുടെ സ്വര്‍ഗ്ഗത്തിലെ ഒരു പിടി മണ്ണ്


No comments:

Post a Comment